ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

സത്യദേവ് ബച്ചാവിന് 6 വിക്കറ്റ്

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.