സെമിക്ക് മുന്നേ കേരളം വീണു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ഇന്ന് സർവീസസിനെ നേരിട്ട കേരളം ഏഴു വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളത്തിന്റെ ബാറ്റിംഗ് നിരാശപ്പെടുത്തിയിരുന്നു. ആകെ 175 റൺസ് എടുക്കാനെ കേരളത്തിന് ആയുരുന്നുള്ളൂ.

രണ്ടാമത് ബാറ്റുചെയ്ത സർവീസസ് 31ആം ഓവറിലേക്ക് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം നേടി. സർവീസസിനായി ഓപ്പണർ രവി ചൗഹാൻ 95 റൺസ് എടുത്തു. 65 റൺസ് എടുത്ത് പുറത്താകാതെ നിന്ന രജതും സർവീസസിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ഇന്ന് ടോസ് നഷ്ടമായ ശേഷം ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 24/2 എന്ന നിലയിലേക്ക് വീണ ടീമിനെ മൂന്നാം വിക്കറ്റിൽ രോഹന്‍ കുന്നുമ്മലും വിനൂപ് മനോഹരനും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 81 റൺസ് നേടിയെങ്കിലും 41 റൺസ് നേടിയ വിനൂപിനെ നഷ്ടമായതോടെ കേരളം വീണ്ടും തകരുന്ന കാഴ്ചയാണ് കണ്ടത്.

105/2 എന്ന നിലയിൽ നിന്ന് 150/5 എന്ന നിലയിലേക്കും പിന്നീട് 161/7 െന്ന നിലയിലേക്കും കേരളം തകര്‍ന്നു. രോഹന്‍ ആറാം വിക്കറ്റായി വീഴുമ്പോള്‍ താരം 85 റൺസാണ് നേടിയത്.

40.4 ഓവറിൽ കേരളം 175 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ സര്‍വീസസ്സിന് വേണ്ടി ദിവേശ് ഗുരുദേവ് പതാനിയ 3 വിക്കറ്റ് നേടി. അഭിഷേക്, പുൽകിത് നാരംഗ് രണ്ട് വിക്കറ്റും നേടി.

ഇനി സെമിയിൽ ഹിമാചലിനെ ആകും സർവീസസ് നേരിടുക.