മത്സരം ഉപേക്ഷിക്കപ്പെട്ടു, പോയിന്റുകള്‍ പങ്കുവെച്ച് കേരളവും മധ്യ പ്രദേശും

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരള മധ്യ പ്രദേശ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടി കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും മഴ മൂലം കളി ആരംഭിക്കുന്നത് തടസ്സപ്പെടുകയായിരുന്നു. മഴ ശമിച്ചുവെങ്കിലും വൈകാതെ തന്നെ വീണ്ടും മഴയെത്തിയപ്പോള്‍ മത്സരത്തിനു യോഗ്യമായ അവസ്ഥയിലേക്ക് ഗ്രൗണ്ട് തിരികെ എത്തില്ലെന്ന് ഉറപ്പായതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരു ടീമുകള്‍ക്കും മത്സരത്തില്‍ നിന്ന് രണ്ട് വീതം പോയിന്റ് ലഭിച്ചു. ആന്ധ്ര പ്രദേശിനോട് ആദ്യ മത്സരത്തില്‍ ജയിക്കാവുന്ന അവസരം കൈവിട്ട ശേഷം ഒഡീഷയെയും ചത്തീസ്ഗഢിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് കേരളത്തിനിപ്പോളുള്ളത്.