കോഹ്‍ലിയ്ക്ക് നന്ദി: വിഹാരി

തന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകത്തിനു വിരാട് കോഹ്‍ലിയ്ക്ക് നന്ദി പറഞ്ഞ് ഹനുമ വിഹാരി. ഏഴ് ബൗണ്ടറികളും ഒരു സിക്സും സഹിതം 124 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഹനുമ വിഹാരി തന്റെ അരങ്ങേറ്റം മികച്ചതാക്കുകയായിരുന്നു. കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിയുന്ന സമയത്താണ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം വിഹാരി എത്തുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടീമിലേക്കെത്തിയ വിഹാരി പിന്നീട് രവീന്ദ്ര ജഡേജയോടൊപ്പം 77 റണ്‍സ് കൂട്ടുകെട്ട് കൂടി നേടിയിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ അജിങ്ക്യ രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ വിഹാരിയ്ക്ക് കൂട്ടായി മറുവശത്തുണ്ടായിരുന്നത് വിരാട് കോഹ്‍ലി ആയിരുന്നു. പരമ്പരയിലുടനീളം ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോഹ്‍ലി തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയെന്നും തുടക്കക്കാരനെന്ന നിലയില്‍ അത് തനിക്ക് ഏറെ ഗുണം ചെയ്തുവെന്നുമാണ് വിഹാരി പറഞ്ഞത്.

ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും പന്തെറിയുന്നത് തനിക്ക് ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെങ്കിലും വിരാട് എന്നെ ഏറെ സഹായിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തുവെന്ന് വിഹാരി പറഞ്ഞു.