ജെന്നിംഗ്സിനെ ഇനിയും ചുമക്കണോ?: മൈക്കല്‍ വോണ്‍

Sports Correspondent

കീറ്റണ്‍ ജെന്നിംഗ്സിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റഅ പരമ്പരയിലെ 10 ഇന്നിംഗ്സുകളില്‍ നിന്ന് 192 റണ്‍സ് മാത്രമാണ്. താരം ഇംഗ്ലണ്ടിനു അധിക ബാധ്യതയാണെന്നും ഇനി ചുമക്കേണ്ടതുണ്ടോ എന്നതാണ് മൈക്കല്‍ വോണിന്റെ ചോദ്യം. നേരത്തെ ഇംഗ്ലണ്ട് സഹ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ് താരത്തെ ശ്രീലങ്കയിലേക്കും പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇന്ത്യയ്ക്കെതിരെ മുംബൈയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം ശതകത്തോടെ തുടങ്ങിയ ജെന്നിംഗ്സ് പിന്നീട് 21 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 374 റണ്‍സാണ് തന്റെ കരിയറില്‍ നേടിയിട്ടുള്ളത്. അലിസ്റ്റര്‍ കുക്ക് റിട്ടയര്‍ ചെയ്യുന്നതിനാല്‍ മാത്രമാണോ കീറ്റണ്‍ ജെന്നിംഗ്സ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ചോദിച്ച വോണ്‍ താരം ഇംഗ്ലണ്ടിനു ഒരു ബാധ്യത തന്നെയാണെന്ന് തുറന്നിടിച്ചു.

ഒക്ടോബറില്‍ മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ടി20 എന്നിവ കളിക്കുവാന്‍ ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് എത്തുന്നുണ്ട്. ആ പരമ്പരയ്ക്ക് ഇത്തരം മോശം ഫോമിലുള്ള താരത്തെ തിരഞ്ഞെടുക്കണമോ അതോ പുതിയ രണ്ട് താരങ്ങളെ തിരഞ്ഞെടുക്കണമോയെന്ന് ഇംഗ്ലണ്ട് തീരുമാനിക്കേണ്ടതുണ്ടെന്ന് വോണ്‍ പറഞ്ഞു.