ഇന്ത്യൻ ബൗളിംഗ് മുന്നോട്ട്

- Advertisement -

സ്കോർകാർഡ് നോക്കി അവർ ഞങ്ങളെ നിഷ്പ്രഭമാക്കി എന്ന് പറയാൻ കഴിയില്ല. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര 4-1ന് തോറ്റ ശേഷം ക്യാപ്റ്റൻ കോഹ്ലി പറയുകയാണ്. കോഹ്ലി ഉദ്ദേശിച്ചത് മുന്നേറ്റം ഉണ്ടായ മേഖലകൾ നോക്കാൻ ആയിരുന്നിരിക്കണം. ബൗളിംഗ് തന്നെ അതിൽ പ്രധാനം. മുൻ ഇംഗ്ലണ്ട് പരമ്പരകളെ അപേക്ഷിച്ച് ഏറ്റവും വ്യത്യസ്തമായി നിന്നത് ഇന്ത്യൻ ബൗളിംഗ് തന്നെയാണ്. ഒരു പരമ്പരയിൽ ഒരു തവണ പോലും എതിർ ടീമിന്റെ 10 വിക്കറ്റുകൾ എടുക്കാൻ കഷ്ടപ്പെട്ട അവസ്ഥയ്ക്ക് മാറ്റമുണ്ടായി തുടങ്ങിയിരിക്കുന്നു.

റിക്കി പോണ്ടിങ്ങിനെ പണ്ട് വിറപ്പിച്ച തഴമ്പ് മാത്രമായി നടന്ന ഇഷാന്ത് ശർമയുടെ ഈ അടുത്ത കാലത്തെ മാറ്റം തന്നെയാണ് ഏറ്റവും അത്ഭുതാവഹം. വലിച്ച് വാരി എവിടെയെങ്കിലും എറിഞ്ഞ് ഓവർ തീർത്ത് പോവുന്ന ഇഷാന്തിനെയല്ല ഈ പരമ്പരയിൽ കണ്ടത്. തന്റെ കരിയർ ശരാശരിയേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന ഒരു പ്രകടനമാണ് ഈ പരമ്പരയിൽ അദ്ദേഹം കാഴ്ചവെച്ചത്. 24.27 ശരാശരിയിൽ 18 വിക്കറ്റുകൾ. അവസാന ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇഷാന്തിന് പരിക്ക് ആയതിനാൽ എറിയാൻ കഴിയാഞ്ഞത് ഇന്ത്യക്ക് ഒരു ക്ഷീണമായി.

ജെയിംസ് ആൻഡേഴ്സൺ കഴിഞ്ഞാൽ ഏറ്റവും അധികം ഓവറുകൾ എറിഞ്ഞത് ഷാമിയാണ്. ശരാശരി കുറച്ച് കൂടുതലാണ് എന്ന് പറയാമെങ്കിലും ഷാമി പരിക്ക് വരാതെ ഒരു പരമ്പര മുഴുവൻ കളിച്ചത് അത്ഭുതപ്പെടുത്തി. പക്ഷേ ബൗളിംഗ് സ്ഥിരതയുള്ളത് ആയിരുന്നില്ല. 16 വിക്കറ്റുകൾ 38 ശരാശരിയിൽ അദ്ദേഹം കരസ്ഥമാക്കി.

ബുംറയുടെ വരവ് ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റിൽ നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല. 14 വിക്കറ്റുകൾ ബുംറ മൂന്ന് കളികളിൽ നിന്ന് നേടി. 26 ശരാശരിയിൽ. തന്റെ ബൗളിംഗ് ആംഗിൾ കൊണ്ട് ബാറ്റ്സ്മാന്മാരെ പലതവണ ബുദ്ധിമുട്ടിച്ചു. വേഗതയും കൃത്യതയും ഉള്ള ഒരു ബൗളർ എന്ന ഇന്ത്യൻ സ്വപ്നം സാക്ഷാത്കരിക്കാൻ ബുംറക്ക് കഴിയും എന്ന് തന്നെ കരുതാം.

ഇന്ത്യയ്ക്ക് ഒരു പേസ് ബൗളിംഗ് ഓൾ റൗണ്ടർ ഉണ്ടാവണമെന്ന കോഹ്ലിയുടെ ആഗ്രഹത്തിന്റെ പുറത്ത് ആണെന്ന് തോന്നുന്നു ഹാർധിക്ക്‌ പാണ്ഡ്യ ആദ്യത്തെ നാല് കളികളും കളിച്ചത്. അല്ലെങ്കിൽ ഇത്രയും അസ്ഥിരമായിട്ട്‌ കളിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ ഇത്ര കാലം എങ്ങനെ കളിക്കുമായിരുന്നു? പക്ഷേ ഇന്ത്യ ജയിച്ച ടെസ്റ്റിൽ പാണ്ഡ്യയുടെ പ്രകടനം നിർണായകമായിരുന്നു. ഒരു കളിയിൽ 6 wicket നേടിയത് ഒഴിച്ചാൽ ബാക്കി 3 കളികളും ചേർത്താണ് 4 വിക്കറ്റ് നേടിയത്. ബാറ്റിങ്ങിൽ ഒരു അർധശതകം മാത്രമാണ് നേടിയത്, 8 ഇന്നിങ്സിൽ നിന്ന്.

അശ്വിൻ തന്റെ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയെ അപേക്ഷിച്ച് മുന്നേറി എങ്കിലും, നാലാം ടെസ്റ്റിൽ പരിക്കോടെ കളിച്ചത് വിനയായി. ഇന്ത്യയ്ക്ക് പരമ്പര സമനിലയിൽ എത്തിക്കാനുള്ള അവസരമാണ് അശ്വിനെ കളിപ്പിച്ചത് വഴി നഷ്ടമായത് എന്ന് പറഞ്ഞാലും തെറ്റില്ല. അദ്ദേഹം 4 കളിയിൽ നിന്ന് 11 വിക്കറ്റ് നേടി.

കുൽദീപ് യാദവിനെ രണ്ടാം മത്സരത്തിൽ ഇറക്കി എങ്കിലും യാതൊരു വിധ സ്വാധീനവും ചെലുത്താൻ കഴിയാതെപോയി. ജഡേജ പക്ഷേ ലഭിച്ച അവസരം മുതലാക്കി, ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റും രണ്ടാമത്തേതിൽ മൂന്നും നേടി. ബാറ്റ് ചെയ്തപ്പോൾ അർധശതകവും.

ഇന്ത്യ കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോൾ ഏറ്റവുമധികം വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ ഉണ്ടായിരുന്നു എങ്കിൽ ഇത്തവണത്തെ കഥ വേറെ ആയേനെ. പക്ഷേ ദൗർഭാഗ്യം എന്നേ പറയാൻ കഴിയുകയുള്ളൂ.

ബൗളിംഗ് എന്തായാലും മെച്ചപ്പെട്ട അവസ്ഥയിലാണ്. 2011ലെ പരമ്പരയിൽ 4 ടെസ്റ്റിൽ നിന്ന് 46 വിക്കറ്റും, 2014ലെ പരമ്പരയിൽ 5 ടെസ്റ്റുകളിൽ നിന്ന് 59 വിക്കറ്റും നേടിയ ഇന്ത്യൻ ബൗളർമാർ പക്ഷേ ഇത്തവണ 5 ടെസ്റ്റുകളിൽ നിന്ന് 82 വിക്കറ്റ് എടുത്തു. ഒന്നോ രണ്ടോ ഇന്നിംഗ്സ് ഒഴിച്ചാൽ മികച്ച കൂട്ടുകെട്ടുകൾ ഒന്നും ഇംഗ്ലണ്ടിന് നേടാൻ കഴിയാത്ത വിധം ഇന്ത്യൻ ബൗളർമാർ പൂട്ടികളഞ്ഞു.

ബാറ്റിംഗ് പക്ഷേ ഇപ്പോഴും പഴയ പ്രതാപത്തിന് കോട്ടം തട്ടാത്ത രീതിയിൽ നിലനിൽക്കുന്നു. കോഹ്ലിയുടെ അതേ നിലവാരത്തിൽ റൺസ് നേടാൻ നിന്ന് കളിക്കാൻ മാത്രമുള്ള ആർജ്ജവം ഏതേലും കളിക്കാരന് ഉണ്ടായിരുന്നെങ്കിൽ പരമ്പരയുടെ ഭാഗധേയം തന്നെ മാറിമറിഞ്ഞെനെ.

Advertisement