ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു, ഇനി ലക്ഷ്യം യുഎസ് ക്രിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ 2012 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെ നായകനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റ് ലോകത്തിലെ മറ്റ് അവസരങ്ങള്‍ക്കായി താന്‍ ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുകയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരെ 2012ലെ ഫൈനലില്‍ പുറത്താകാതെ 111 റൺസ് നേടിയ താരത്തിന് പക്ഷേ സീനിയര്‍ ടീമിലേക്ക് ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. തന്റെ കരിയറിൽ ചില മഹത്തരമായ നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുവാന്‍ സാധിക്കുന്നില്ലെന്നത് വളരെ വിഷമത്തോടെയാണ് താന്‍ ഓര്‍ക്കാറെന്ന് താരം വ്യക്തമാക്കി.

ഇന്ത്യ എ ടീമിനെ പലപ്പോഴായി നയിക്കുവാനും അവസരം ലഭിച്ച താരമാണ് ഉന്മുക്ത് ചന്ദ്. 18ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരത്തിന് എന്നാൽ ഐപിഎലിലും തിളങ്ങുവാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.

ഡല്‍ഹി ടീമിലെ സ്ഥാനവും താരത്തിന് 2016ന് ശേഷം നഷ്ടമായി തുടങ്ങിയതോടെ താരം ഉത്തരാഖണ്ഡിലേക്ക് 2019-20 സീസണിൽ മാറി. എന്നാൽ അവിടെയും താരത്തിന് കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ല.