മൂന്ന് വര്‍ഷമല്ല അക്മല്‍ അതില്‍ കൂടുതല്‍ വിലക്ക് അര്‍ഹിച്ചിരുന്നു

പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിനെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് വര്‍ഷത്തെ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി താരങ്ങളും മുന്‍ താരങ്ങളും അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ തന്നെ സമീപിച്ച ബുക്കികളുടെ സമീപനം താരം ബോര്‍ഡിനോട് അറിയിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ താരത്തെ ലീഗില്‍ കളിക്കുവാന്‍ സമ്മതിച്ചില്ല. പിന്നീട് ഹിയറിംഗിനും ആദ്യം താരം തയ്യാറാകാതിരിക്കുകയായിരുന്നു. അധികം വൈകാതെ താരത്തിനെതിരെ മൂന്ന് വര്‍ഷത്തെ വിലക്ക് വിധിച്ചു.

താരത്തിന് ഇതിലും വലിയ ശിക്ഷയായിരുന്നു വേണ്ടിയിരുന്നതെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൗണ്‍സല്‍ തഫാസുല്‍ റിസ്വി വ്യക്തമാക്കിയത്. താരം ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങളാണ് ആദ്യം മുതല്‍ നല്‍കിയിരുന്നതെന്നും. ഒരിക്കല്‍ പോലും കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ സംശയത്തിലുള്ള പോലുള്ള പെരുമാറ്റമാണ് പുറത്തെടുത്തതെന്ന് ബോര്‍ഡ് അംഗം വ്യക്തമാക്കി.

താരം കാര്യങ്ങള്‍ പൂര്‍ണ്ണമായും പറഞ്ഞില്ലെങ്കിലും ബോര്‍ഡിനോട് ഇത് അറിയിക്കാതിരിക്കുവാനുള്ള നൂറ് ന്യായീകരണങ്ങള്‍ തരുന്നുണ്ടായിരുന്നുവെന്നും റിസ്‍വി പറഞ്ഞു. യഥാസമയം ഈ കാര്യം ബോര്‍ഡിന് അറിയിക്കാതിരുന്നതിനുള്ള ശിക്ഷയായ മൂന്ന് വര്‍ഷം അനുയോജ്യമാണെങ്കിലും താരത്തിന് അതിലും വലിയ ശിക്ഷയായിരുന്നു വേണ്ടിയിരുന്നതെന്ന് റിസ്വി സൂചിപ്പിച്ചു.