മൊഹാലിയെ നിശബ്ദനാക്കി ടര്‍ണര്‍, പരമ്പരയില്‍ ഒപ്പമെത്തി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഓസ്ട്രേലിയ. ഇന്ത്യ നല്‍കിയ 359 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മൊഹാലി നിശബ്ദമാകുകയായിരുന്നു. ആറാം വിക്കറ്റില്‍ അപരാജിതമായ 86 റണ്‍സ് കൂട്ടുകെട്ട് വെറും 39 പന്തില്‍ നിന്നാണ് ആഷ്ടണ്‍ ടര്‍ണര്‍-അലെക്സ് കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 21 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്കോറിംഗ് മുഴുവനും നടത്തിയത് ആഷ്ടണ്‍ ടര്‍ണര്‍ ആയിരുന്നു. 43 പന്തില്‍ നിന്ന് 84 റണ്‍സാണ് ടര്‍ണര്‍ ഇന്ന് നേടിയത്. ഇതോടെ ഏകദിന പരമ്പരയില്‍ 2-2 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പമെത്തുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ നേടിയപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ സ്വന്തമാക്കി.

തുടക്കം പാളി 12/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി മാറിയത് ഓസ്ട്രേലിയയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 192 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം പൊരുതി നോക്കിയെങ്കിലും നേടേണ്ടത് വളരെ വലിയ സ്കോറായതിനാല്‍ ചെറിയ പിഴവ് പോലും ടീമിനു തിരിച്ചടിയായി. തന്റെ തുടര്‍ച്ചയായ ശതകത്തിനു 9 റണ്‍സ് അകലെ ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ പുറത്താക്കിയാണ് കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. 91 റണ്‍സാണ് ഖവാജ നേടിയത്.

ഖവാജ പുറത്തായെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് തന്റെ കന്നി ഏകദിന ശതകം നേടുന്നത് മൊഹാലിയിലെ കാണികള്‍ക്ക് സാക്ഷ്യം വഹിക്കാനായി. ഗ്ലെന്‍ മാക്സ്വെല്ലും(23) 117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പുറത്തായി ഓസ്ട്രേലിയ 41.1 ഓവറില്‍ 271/5 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം ഓസ്ട്രേലിയ തിരികെ പിടിക്കുന്ന കാഴ്ച കണ്ടത്.

8.5 ഓവറില്‍ നിന്ന് ജയിക്കുവാന്‍ 88 റണ്‍സ് വേണെന്ന കടുപ്പമേറിയ സാഹചര്യത്തില്‍ നിന്ന് ഒറ്റയാള്‍ പ്രകടനത്തിലൂടെെയാണ് ടര്‍ണര്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് ജയം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. വിജയ് ശങ്കര്‍ ആണ് ഏറ്റവും കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍. അഞ്ച് ഓവറില്‍ താരം 29 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.