രണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോൾട്ട്

ഐപിഎലിൽ നിന്ന് ന്യൂസിലാണ്ടിലേക്ക് മടങ്ങിയ ട്രെന്റ് ബോൾട്ട് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞിരുന്നു. താരം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് ജൂൺ 4ന് മാത്രമേ ഇംഗ്ലണ്ടിലേക്ക് എത്തുകയുള്ളു. ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാത്രമാകും താരം കളിക്കുക എന്നാണ് സ്റ്റെഡ് പറഞ്ഞത്.

എന്നാൽ ട്രെന്റ് ബോൾട്ട് തനിക്ക് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. അത് വഴി ഡ്യൂക്ക് ബോളിൽ പരിചയം ലഭിയ്ക്കുകയും ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അത് ഉപയോഗപ്രദമാകുമെന്നുമാണ് താരം കരുതുന്നത്. തന്റെ നാട്ടിൽ പരിശീലനത്തിലേർപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം അറിയിച്ചത്.

ജൂൺ 2ന് ലോർഡ്സിൽ ആണ് ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജൂൺ 10ന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സൌത്താംപ്ടണിൽ ജൂൺ 18ന് ആരംഭിക്കും.