ഡല്‍ഹിയിലെ മലിനീകരണത്തില്‍ ഇപ്പോള്‍ ബിസിസിഐയ്ക്ക് ഒന്നും ചെയ്യാനാകില്ല, കളിയുമായി മുന്നോട്ട് പോകുക മാത്രം

ഡല്‍ഹി ടി20 മത്സരവുമായി മുന്നോട്ട് പോകുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കാര്യങ്ങള്‍ വളരെ വൈകിയെന്നും മത്സരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതിനാല്‍ തന്നെ ഇനി മത്സരവുമായി മുന്നോട്ട് പോകുകയല്ലാതെ അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തിയാല്‍ അത് തിരിച്ചടിയാകുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. മത്സരം ബുദ്ധിമുട്ടില്ലാതെ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

ദീപാവലിയ്ക്ക് ശേഷം വടക്കോട്ട് കാര്യങ്ങള്‍ അത്ര ശുഭകരമല്ല അന്തരീക്ഷ മലിനീകരണത്തെ സംബന്ധിച്ചെന്ന് ഗാംഗുലി പറഞ്ഞു, എന്നാല്‍ ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ സൂര്യന്‍ ഉദിച്ച് കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഭേദപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗാംഗുലി പറഞ്ഞു. 2017ല്‍ ശ്രീലങ്ക ഇന്ത്യ ടെസ്റ്റിനിടെ ശ്രീലങ്കന്‍ താരങ്ങളില്‍ ചിലര്‍ അവശരാകുന്ന സാഹചര്യമുണ്ടായിരുന്നു. 2016 നവംബറില്‍ ഗുജറാത്ത് ബംഗാള്‍ രഞ്ജി ട്രോഫി മത്സരം ഇതേ ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു.