മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്-തലൈവന്‍ സര്‍ഗുണം കൂട്ടുകെട്ട്

176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും തലൈവന്‍ സര്‍ഗുണവും. അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്നപ്പോള്‍ തലൈവന്‍ സര്‍ഗുണം ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി. രണ്ടാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 5 വിക്കറ്റ് ജയത്തോടെ മധുരൈ പാന്തേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടുകയായിരുന്നു. സത്യമൂര്‍ത്തി ശരവണന്‍ 28 പന്തില്‍ 52 റണ്‍സും സുരേഷ് കുമാര്‍ 26 പന്തില്‍ 42 റണ്‍സും നേടി തൃച്ചിയ്ക്കായി തിളങ്ങി. ഭരത് ശങ്കര്‍(29), മണി ഭാരതി(33) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാന്തേഴ്സിനു വേണ്ടി രാഹില്‍ ഷാ മൂന്ന് വിക്കറ്റ് നേടി.

തലൈവന്‍ സര്‍ഗുണം 36 പന്തില്‍ നിന്ന് 70 റണ്‍സാണ് നേടിയത്. 5 ബൗണ്ടറിയും 6 സിക്സും നേടി തിളങ്ങിയ സര്‍ഗുണം 200നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ മധുരൈയ്ക്ക് നഷ്ടമായെങ്കിലും അരുണ്‍ കാര്‍ത്തിക്ക് ഒരു വശത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്ന അരുണ്‍ തന്നെയാണ് കളിയിലെ താരവും.

5 വീതം സിക്സും ബൗണ്ടറിയുമാണ് അരുണ്‍ കാര്‍ത്തിക്ക് സ്കോര്‍ ചെയ്തത്. തൃച്ചിയ്ക്കായി ചന്ദ്രശേഖര്‍ ഹണപതി രണ്ടും സഞ്ജയ്, കണ്ണന്‍ വിഗ്നേഷ്, ലക്ഷ്മി നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പിലേറ്റ വിമർശനങ്ങൾ അംഗീകരിച്ച് നെയ്മർ
Next articleഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്