പ്രീ സീസണ്‍ ക്യാമ്പില്‍ ടിം പെയിനിന്റെ അഭാവം

പാക്കിസ്ഥാന്‍ ടൂറിനു മുമ്പ് ബ്രിസ്ബെയിനില്‍ നടക്കുന്ന ഓസ്ട്രേലിയയുടെ പ്രീ സീസണ്‍ ക്യാമ്പില്‍ ടിം പെയിന്‍ ഉണ്ടാകുവാന്‍ സാധ്യതയില്ല. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതിനാലാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ പ്രീ സീസണ്‍ ക്യാമ്പില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ കാരണമെന്ന് അറിയുന്നു. ഒക്ടോബര്‍ 7നു യുഎഇയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടിം പെയിന്‍ തന്നെയാവും ടീമിനെ നയിക്കുകയെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീവന്‍ സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്നപ്പോളാണ് ടിം പെയിന് നായക ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ താരത്തിനു ഇതുവരെ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം നേടുവാന്‍ സാധിച്ചിട്ടില്ല. മുന്‍ നിര താരങ്ങളില്‍ പലരുമില്ലെങ്കിലും ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് മെച്ചപ്പെടുത്തുവാന്‍ ഇത്തവണ ടീമിനാകുമെന്നാണ് ടിം പെയിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഓസ്ട്രേലിയയുടെ വിവാദ മൂവര്‍ സംഘമായ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പുറമേ ജോഷ് ഹാസല്‍വുഡിന്റെയും പാറ്റ് കമ്മിന്‍സിന്റെയും സേവനം ടീമിനു ലഭിക്കുകയില്ല. അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടും ടീമിലേക്ക് പാക്കിസ്ഥാന്‍ പരമ്പര സമയത്ത് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous articleസ്റ്റെർലിംഗിന് പരിക്ക്, ഇംഗ്ലീഷ് ടീമിൽ നിന്ന് പുറത്ത്
Next articleബാഴ്സലോണയുടെ ബ്രസീലിയൻ യുവതാരത്തിന് പരിക്ക്