ഒരൊറ്റ പന്ത് പോലും എറിയാതെ മാഞ്ചസ്റ്ററിലെ മൂന്നാം ദിവസം പാഴായി

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിവസം മഴ കാരണം ഉപേക്ഷിച്ചു. ഒറ്റ പന്ത് പോലും എറിയാനാകാതെ ആണ് മത്സരത്തിന്റെ ഇന്നത്തെ കളി ഉപേക്ഷിക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. മത്സരത്തില്‍ ശക്തമായ നിലയിലുള്ള ഇംഗ്ലണ്ടിന് ആണ് ഇന്നത്തെ സാഹചര്യത്തില്‍ കടുത്ത നിരാശയുണ്ടാകുക. ഇനി രണ്ട് ദിവസം അവശേഷിക്കെ വിന്‍ഡീസിനെ രണ്ട് തവണ ഓള്‍ഔട്ട് ആക്കിയാല്‍ മാത്രമേ ഇംഗ്ലണ്ടിന് പരമ്പര സമനിലയിലാക്കുവാനാകൂ.

വിന്‍ഡീസിനാകട്ടേ ഈ മത്സരം ഇനി വിജയിക്കുവാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 270 റണ്‍സ് നേടി ഫോളോ ഓണ്‍ ഒഴിവാക്കുക എന്നതാവും വിന്‍ഡീസ് ലക്ഷ്യം വയ്ക്കുന്നത്. മത്സരത്തില്‍ സന്ദര്‍ശകര്‍ 14 ഓവര്‍ നേരിട്ട് 32/1 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇനിയുള്ള ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്.