ജയം 18 റണ്‍സിന്, രണ്ടാം ജയം സ്വന്തമാക്കി സില്ലി 11

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി സില്ലി ഇലവന്‍. ഇന്ന് നടന്ന മത്സരത്തില്‍ സില്ലി ഇലവിന്‍ പാര്‍ക്ക് സെന്റര്‍ ബി ടീമിനെതിരെ 18 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സില്ലി 11 എട്ടോവറില്‍ 75/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 17 പന്തില്‍ 32 റണ്‍സ് നേടിയ ഓപ്പണര്‍ ശ്രീനാഥും 22 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷാഹീനുമാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. പാര്‍ക്ക് സെന്ററിന് വേണ്ടി പ്രവീണ്‍ രണ്ട് വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ പാര്‍ക്ക് സെന്റര്‍ ബിയ്ക്ക് തുടക്കം പഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ വരുന്നതിന് മുമ്പ് രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായ ടീമിന് അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറെ നഷ്ടമായപ്പോള്‍ സ്കോര്‍ 6 റണ്‍സായിരുന്നു. വിക്കറ്റുകള്‍ ഒരു വശത്ത് തുടരെ വീഴുമ്പോളും ഒരു വശത്ത് നാല് സിക്സ് ഉള്‍പ്പെടെ മിന്നും പ്രകടനം പുറത്തെടുക്കുവാന്‍ മനുവിന് സാധിച്ചുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു സ്കോര്‍ പിറക്കാതെ പോയപ്പോള്‍ ടീം 18 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണു.

മനു 13 പന്തില്‍ നിന്ന് 34 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടീം 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് നേടുകയായിരുന്നു. സില്ലിയ്ക്കായി അരുള്‍ സെല്‍വരാജും സച്ചിന്‍ ശശിധരനും രണ്ട് വീതം വിക്കറ്റ് നേടി.