18 റണ്‍സിന്റെ വിജയവുമായി ടാറ്റ എലെക്സി ബി ടീം

Sports Correspondent

വൈസിഎ-എല്‍ടിഎസിനെതിരെ 18 റണ്‍സിന്റെ വിജയവുമായി ടാറ്റ എലെക്സിയുടെ ബി ടീം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടാറ്റ എലെക്സി 48/8 എന്ന സ്കോറിലേക്ക് എത്തിയത്. നന്ദകിഷോറിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ്. 9 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ നന്ദകിഷോറിനൊപ്പം മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഗോപകുമാര്‍, നഷീം എന്നിവര്‍ വൈസിഎ-എല്‍ടിഎസിന് വേണ്ടി ഓരോ വിക്കറ്റ് നേടി റണ്‍സ് വിട്ട് കൊടുക്കുവാന്‍ പിശുക്ക് കാട്ടിയപ്പോള്‍ ഒരു ഘട്ടത്തില്‍ 12/4 എന്ന നിലയിലേക്ക് ബാറ്റിംഗ് ടീം വീണു. പിന്നീടാണ് 48 എന്ന പൊരുതി നോക്കാവുന്ന സ്കോറിലേക്ക് ടീം എത്തിയത്.

ചേസിംഗിനിറങ്ങിയ വൈസിഎ-എല്‍ടിഎസിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ടാറ്റ എലെക്സി ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 30 റണ്‍സാണ് എട്ടോവര്‍ അവസാനിച്ചപ്പോള്‍ നേടിയത്. ശബരിനാഥ് മൂന്നും ജില്‍ജിത്ത് ജോണ്‍ രണ്ടും വിക്കറ്റ് ടാറ്റ എലെക്സിയ്ക്കായി നേടി.