15 കാരിയുടെ സ്വപ്നകുതിപ്പിന് അന്ത്യം കുറിച്ച് സോഫിയ കെനിൻ, ക്വിറ്റോവയും ക്വാർട്ടർ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിലെ ടെന്നീസിലെ പുതിയ സൂപ്പർ സ്റ്റാർ അമേരിക്കൻ താരം 15 കാരി കോകോ ഗോഫിന്റെ സ്വപ്നകുതിപ്പിന് നാലാം റൗണ്ടിൽ അന്ത്യം കുറിച്ച് അമേരിക്കയുടെ തന്നെ സോഫിയ കെനിൻ. ഇതിഹാസതാരം വീനസ് വില്യംസിനെയും നിലവിലെ ജേതാവ് നയോമി ഒസാക്കയും വീഴ്ത്തി നാലാം റൗണ്ടിൽ എത്തിയ കോകോ ഗോഫിനു പക്ഷെ ഇത്തവണ തന്റെ മികവ് നിലനിർത്താൻ ആയില്ല. 14 സീഡ് കൂടിയായ സോഫിയക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ ശേഷമാണ് ഗോഫ് മത്സരം കൈവിട്ടത്. രണ്ടാം സെറ്റിൽ 6-3 നു മത്സരത്തിലേക്ക് തിരിച്ച് വന്ന സോഫിയ തന്റെ അനുഭവസമ്പത്ത് മുഴുവനും മത്സരത്തിൽ പ്രയോഗിച്ചു. മൂന്നാം സെറ്റ് 6-0 ത്തിനു നേടിയ താരം ഈ സെറ്റിൽ ഒരവസരവും ഗോഫിനു നൽകിയില്ല.  കഴിഞ്ഞ വർഷം 3 എ. ടി. പി കിരീടങ്ങൾ നേടിയ സോഫിയയുടെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ കൂടിയാണ് ഇത്. മത്സരത്തിലെ ജയം കണ്ണീരോടെയാണ് സോഫിയ സ്വീകരിച്ചത് എങ്കിൽ നിരാശയോടെ നടന്നു നീങ്ങി ഗോഫ്. തോറ്റു എങ്കിലും തന്റെ കാലം ആണ് വരാനിരിക്കുന്നത് എന്നു ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു കളത്തിൽ ഗോഫ്‌.

അതേസമയം സെറീന വില്യംസിനെ അട്ടിമറിച്ച ചൈനീസ് താരവും 27 സീഡുമായ വാങ് ചിയാങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഒൻസ് ജേബർ ആണ് സോഫിയ കെനിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളി. 7-6, 6-1 എന്ന സ്കോറിന് ആണ് ഒൻസ് ചൈനീസ് താരത്തെ മറികടന്ന് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. അതിനിടെ 22 സീഡ് മരിയ സക്കാരിയെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് ചെക് താരവും ഏഴാം സീഡുമായ പെട്ര ക്വിറ്റോവയും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു എം ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു ക്വിറ്റോവ മത്സരത്തിൽ ജയം കണ്ടത്. 6-3, 6-2 എന്ന സ്കോറുകൾക്ക് രണ്ടും മൂന്നും സെറ്റുകൾ നേടിയ പെട്ര ആദ്യ സെറ്റിന് ശേഷം വലിയ അവസരം ഒന്നും എതിരാളിക്ക് നൽകിയില്ല. ക്വാർട്ടർ ഫൈനലിൽ ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടിയോ 18 സീഡ് അമേരിക്കൻ താരം ആലിസൻ റിസ്‌കോ ആവും പെട്രയുടെ എതിരാളി.