ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ബോര്‍ഡിനോട് ഇവര്‍ ഉത്തരം പറയേണ്ടതുണ്ട് – നസ്മുള്‍ ഹസന്‍

വെസ്റ്റിന്‍ഡീസിനോട് ഇരു ടെസ്റ്റുകളിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചന നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ടെസ്റ്റിലെ ബംഗ്ലാദേശിന്റെ മോശം പ്രകടനം ഇങ്ങനെ തുടരാനാകില്ലെന്നും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തിയേ മതിയാകൂ എന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

2-0 എന്ന നിലയിലാണ് ബംഗ്ലാദേശിന്റെ പരാജയം. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം താന്‍ ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ നസ്മുള്‍ എന്നാല്‍ ഇനി ടീം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ആദ്യം അവരുടെ പ്രശ്നം താന്‍ മനസ്സിലാക്കണമെന്നും അതിന് ശേഷം നിങ്ങളോട് പറയാമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലാണ്ട് പരമ്പരയും അതിന് ശേഷം ശ്രീലങ്കന്‍ പരമ്പരയുമുള്ളതിനാല്‍ ഇതിനെല്ലാം വളരെക്കുറച്ച് സമയം മാത്രമേയുള്ളുവെന്നും നസ്മുള്‍ സൂചിപ്പിച്ചു. ഈ ചെറിയ കാര്യങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാനാകില്ലെങ്കിലും ഇക്കാര്യമെല്ലാം ടീമിനെ അറിയിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.