ടീം ഡയറക്ടര്‍ ആ പറഞ്ഞ വാക്കുകളാണ് ഈ പരമ്പര വിജയത്തിന് പിന്നിലെന്ന് കരുതുന്നു- എബോദത്ത് ഹൊസൈന്‍

ബംഗ്ലാദേശ് ക്രിക്കറ്റിൽ പുതിയ ഒരു ഹീറോ ഉണ്ടായിരിക്കുകയാണ്. ബേ ഓവലില്‍ ന്യൂസിലാണ്ടിനെ മുട്ടുക്കുത്തിച്ച് ചരിത്രം സൃഷ്ടിച്ച ടീമിന്റെ വിജയ ശില്പി എബോദത്ത് ഹൊസൈന്റെ ബൗളിംഗ് പ്രകടനമായിരുന്നു.

2016ലെ പേസര്‍ ഹണ്ട് പരിപാടിയിലാണ് താരത്തെ കണ്ടെത്തിയത്. പിന്നീട് ബംഗ്ലാദേശ് ഹൈ പെര്‍ഫോര്‍മന്‍സ് യൂണിറ്റിൽ മൂന്ന് വര്‍ഷം താരത്തിന് പരിശീലനം നല്‍കി. എ ടീം, ബോര്‍ഡ് ഇലവന്‍ എന്നിവയില്‍ കളിച്ചാണ് താരം മുന്‍ നിരയിലേക്ക് എത്തുന്നത്.

തങ്ങളുടെ ആദ്യ പരിശീലന സെഷന് മുമ്പ് ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ് നടത്തിയ ടീം മീറ്റിംഗ് ആണ് തനിക്ക് പ്രഛോദനം ആയതെന്ന് താരം പറഞ്ഞു. ഇത് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടീം ആണെന്നും 21 വര്‍ഷമായി ന്യൂസിലാണ്ടിൽ വിജയിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചില്ലെങ്കിലും അതിന്റെ അര്‍ത്ഥം ഇത്തവണയും പരാജയപ്പെടണമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിന് ശേഷം മോമിനുള്‍ ഹക്കും മുഷ്ഫിക്കുര്‍ റഹിമും ലിറ്റൺ ദാസും എല്ലാം സംസാരിച്ചുവെന്നും പെപ് ടോക്കുകള്‍ കാര്യമായ മാറ്റം വരുത്തുമെന്നുള്ളതിന്റെ തെളിവാണ് ഈ വിജയമെന്നും താന്‍ കരുതുന്നുവെന്ന് എബോദത്ത് ഹൊസൈന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്മാരെ അവരുടെ നാട്ടിൽ കീഴടക്കിയതിലും വലിയ തെലിവ് എന്താണ് വേണ്ടതെന്നാണ് എബോദത്ത് ഹൊസൈന്‍ ചോദിക്കുന്നത്.