ക്യാച്ചുകള്‍ കൈവിട്ടത് തിരിച്ചടിയായി – തമീം ഇക്ബാല്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഏറ്റ പരാജയത്തിന് കാരണം ടീം കൈവിട്ട ക്യാച്ചുകളാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍. ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാനുള്ള മികച്ച അവസരമാണ് ടീം കൈവിട്ടതെന്ന് തമീം ഇക്ബാല്‍ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ 131 റണ്‍സിന് മുട്ടുമടക്കിയ ബാറ്റിംഗ് നിര രണ്ടാം മത്സരത്തില്‍ 271/6 എന്ന നിലയില്‍ സ്കോര്‍ ചെയ്ത ശേഷം 11 ഓവറില്‍ ന്യൂസിലാണ്ടിനെ 53/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് മോശം ഫീല്‍ഡിംഗും ക്യാച്ചുകള്‍ കൈവിട്ടതും ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു.

110 റണ്‍സ് നേടി പുറത്താകാതെ നിന്ന ന്യൂസിലാണ്ട് നായകന്‍ ടോം ലാഥത്തിന് 58, 67 എന്നീ സ്കോറുകളില്‍ ക്യാച്ചുകള്‍ കൈവിട്ട് ബംഗ്ലാദേശ് അവസരം നല്‍കുകയായിരുന്നു. ഇതിലും മികച്ച അവസരം ഇനി ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാന്‍ ബംഗ്ലാദേശിന് ലഭിയ്ക്കുമോ എന്നതില്‍ തനിക്ക് ഉറപ്പില്ലെന്ന് തമീം പറഞ്ഞു.

ഈ മത്സരം എന്ത് വിലകൊടുത്തും ജയിക്കേണ്ട ഒന്നായിരുന്നുവെന്നും സ്വന്തം രാജ്യത്തിന് പുറത്ത് ഇത്തരം അവസരങ്ങള്‍ ലഭിയ്ക്കുക പ്രയാസകരമാണെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.