പെരിയസ്വാമിയുടെ മാസ്മരിക സ്പെല്‍, 54 റണ്‍സ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

Sports Correspondent

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡി കാളൈകള്‍ 121/8 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ഗില്ലീസ് സ്വന്തമാക്കിയത്. വിജയികള്‍ക്കായി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഗംഗ ശ്രീധര്‍ രാജു(54), ഗോപിനാഥ്(55) എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങി.

ഒന്നാം വിക്കറ്റില്‍ 108 റണ്‍സ് നേടിയ കൂട്ടുകെട്ട് 11.2 ഓവറിലാണ് തകര്‍ക്കപ്പെട്ടത്. കൗശിക് ഗാന്ധിയും 32 റണ്‍സുമായി തിളങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ വേഗത്തില്‍ പുറത്തായപ്പോള്‍ ചെപ്പോക്കിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. കാരൈകുഡിയ്ക്ക് വേണ്ടി സുനില്‍ സാം, മോഹന്‍ പ്രസാദ്, രാജ്കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിയ്ക്ക് ഇന്നിംഗ്സില്‍ ഒരിക്കലും ചെപ്പോക്കിന് വെല്ലുവിളി ഉയര്‍ത്തുവാനായില്ല. ഓപ്പണര്‍മാരെ രണ്ട് പേരെയും വീഴ്ത്തിയ പെരിയസ്വാമിയുടെ സ്പെല്ലാണ് മത്സരത്തെ മാറ്റി മറിച്ചത്. തന്റെ മൂന്നോവറില്‍ 9 റണ്‍സിനാണ് താരം രണ്ട് വിക്കറ്റ് നേടിയത്. ഈ പ്രകടനത്തിന് താരത്തിനെ മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. 27 റണ്‍സ് നേടിയ ഷാജഹാന്‍ ആണ് കാരൈകുഡിയുടെ ടോപ് സ്കോറര്‍. യോ മഹേഷ് 22 റണ്‍സും സ്വാമിനാഥന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു.