പഞ്ചാബി ലെജന്‍ഡ്സിനു 43 റണ്‍സ് ജയം, കാലിടറി മറാത്ത അറേബ്യന്‍സ്

- Advertisement -

ടി10 ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബി ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 121/6 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ മറാത്ത അറേബ്യന്‍സ് 9.2 ഓവറില്‍ 78 റണ്‍സിനു ഓള്‍ഔട്ട് ആയി. ഉമര്‍ അക്മല്‍ 18 പന്തില്‍ 31 റണ്‍സുമായി ലെജന്‍ഡ്സിനായി തിളങ്ങിയപ്പോള്‍ ഷൈമാന്‍ അനവര്‍(25), ക്രിസ് ജോര്‍ദ്ദാന്‍(7 പന്തില്‍ 19) എന്നിവര്‍ക്കൊപ്പം നിര്‍ണ്ണായക റണ്‍സുകളുമായി ലോവര്‍ മിഡല്‍ ഓര്‍ഡറും പഞ്ചാബി ലെജന്‍ഡ്സിനെ സഹായിച്ചു. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നും സഹൂര്‍ ഖാന്‍ രണ്ടും വിക്കറ്റ് നേടി.

അലക്സ് ഹെയില്‍സ് മറാത്തയുടെ ടോപ് ഓര്‍ഡര്‍ ആയെങ്കിലും നജീബുള്ള സദ്രാന്‍(17) ഒഴികെ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയത് ടീമിന്റെ തോല്‍വിയ്ക്ക് കാരണമായി. സഹീര്‍ ഖാനും ക്രിസ് ജോര്‍ദ്ദാനും യഥേഷ്ടം വിക്കറ്റുകള്‍ നേടിയപ്പോള്‍ 9.2 ഓവറില്‍ മറാത്തകള്‍ ഓള്‍ഔട്ട് ആയി.

1.2 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ട് നല്‍കിയ ക്രിസ് ജോര്‍ദ്ദാന്റെ മാസ്മരിക പ്രകടനത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് സഹീര്‍ ഖാന്‍ കളിയിലെ താരമായി മാറുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം 8 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സമി, അന്‍വര്‍ അലി, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement