സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വലിയ സ്കോര്‍ ചേസ് ചെയ്ത വിജയിച്ച റെക്കോര്‍ഡ് കേരളത്തില്‍ നിന്ന് തട്ടിയെടുത്ത് പുതുച്ചേരി. ഇന്ന് ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ 227 റണ്‍സ് ചേസ് ചെയ്ത് പുതുച്ചേരി വിജയത്തോടെയാണ് ഈ റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കിയത്. ഉച്ചയ്ക്ക് നടന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ കേരളം 213 റണ്‍സ് ചേസ് ചെയ്തിരുന്നു.
മത്സരത്തില്‍ 29 സിക്സുകളാണ് പുതുച്ചേരിയും ആന്ധ്രയും കൂടി നേടിയത്. ആന്ധ്ര 15 സിക്സും പുതുച്ചേരി 14 സിക്സുമാണ് മത്സരത്തില്‍ നേടിയത്. കേരളവും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ നിന്ന് 28 സിക്സുകളാണ് പിറന്നത്. കേരളം 16 സിക്സും ഡല്‍ഹി 12 സിക്സും നേടി.
ആന്ധ്ര 226 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടിയതെങ്കില്‍ പുതുച്ചേരി 19.2 ഓവറില്‍ 228 റണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഷെല്‍ഡണ്‍ ജാക്സണ്‍ 50 പന്തില്‍ നിന്ന് 106 റണ്‍സും പരസ് ഡോഗ്ര 18 പന്തില്‍ നിന്ന് 51 റണ്‍സും നേടിയാണ് ആന്ധ്രയുടെ വിജയത്തിന് കാരണമായത്.
നേരത്തെ ആന്ധ്രയ്ക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍(45), ശ്രീകര്‍ ഭരത്(62), അമ്പാട്ടി റായിഡു(62*), പ്രശാന്ത് കുമാര്‍(32) എന്നിവര്‍ തിളങ്ങി.













