വിജയ വഴിയില്‍ തിരികെ എത്തി കേരളം, തകര്‍ത്തത് ഇര്‍ഫാന്‍ പത്താന്റെ ജമ്മു കാശ്മീരിനെ

ഇര്‍ഫാന്‍ പത്താന്‍ കളിക്കാരനായും കോച്ചായും എത്തുന്ന ജമ്മു കാശ്മീരിനെ കീഴടക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 159 റണ്‍സ് നേടിയപ്പോള്‍ എതിരാളികള്‍ക്ക് 65 റണ്‍സാണ് നേടാനായത്. മത്സരത്തില്‍ 94 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്.

52 റണ്‍സ് നേടിയ വിനൂപ് മനോഹരന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്‍(32), വിഷ്ണു വിനോദ്(23), സല്‍മാന്‍ നിസാര്‍(23*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കേരളം 159/7 എന്ന സ്കോറിലേക്ക് നീങ്ങിയത്. ഇര്‍ഫാന്‍ പത്താനും പര്‍വേസ് റസൂലും രണ്ട് വീതം വിക്കറ്റാണ് ജമ്മു കാശ്മീരിനു വേണ്ടി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമ്മു കാശ്മീര്‍ ബാറ്റ്സ്മാന്മാര്‍ക്ക് നിലയുറപ്പിക്കുവാന്‍ അവസരം നല്‍കാതെ കേരള ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവരുടെ ഇന്നിംഗ്സ് 14.2 ഓവറില്‍ അവസാനിച്ചു. കേരളത്തിനായി മിഥുന്‍ മൂന്നും വിനൂപ് മനോഹരന്‍, നിധീഷ് എംഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി. 24 റണ്‍സ് നേടിയ ജതിന്‍ വാദ്വാന്‍ ആണ് ജമ്മു കാശ്മീരിന്റെ ടോപ് സ്കോറര്‍.