ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം, കേരളത്തിനെതിരെ തമിഴ്നാടിനു മികച്ച സ്കോര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനു 185 റണ്‍സ് വിജയ ലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ സച്ചിന്‍ ബേബി ഇന്ന് തമിഴ്നാടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് രണ്ടക്കം കടക്കുന്നതിനു മുമ്പ് ഓപ്പണര്‍ ഭരത് ശങ്കറിനെ നഷ്ടമായെങ്കിലും പിന്നീട് തമിഴ്നാടിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്.

92 റണ്‍സ് കൂട്ടുകെട്ടാണ് ദിനേശ് കാര്‍ത്തിക്കും വാഷിംഗ്ടണ്‍ സുന്ദറും നേടിയത്. എന്നാല്‍ ഇരുവരെയും ഓവറുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് തമിഴ്നാടിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. 26 പന്തില്‍ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് തുടക്കത്തില്‍ ആക്രമിച്ചു കളിച്ചതെങ്കിലും പിന്നീട് ദിനേശ് കാര്‍ത്തിക് തന്റെ ഉഗ്രരൂപമെടുക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും 4 സിക്സും സഹതിം 38 പന്തില്‍ നിന്നാണ് 71 റണ്‍സ് ദിനേശ് കാര്‍ത്തിക് നേടിയത്.

ദിനേശ് കാര്‍ത്തിക് പുറത്താകുമ്പോള്‍ 13.1 ഓവറില്‍ 117/3 എന്ന നിലയിലായിരുന്നു തമിഴ്നാടിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്-ജഗദീഷന്‍ സഖ്യം മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 52 റണ്‍സ് അടിച്ചു കൂടിയ സഖ്യത്തിന്റെ ബലത്തില്‍ തമിഴ്നാട് 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. അപരാജിത് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ജഗദീഷന്‍ 35 നേടി പുറത്താകാതെ നിന്നു.

തമിഴ്നാടിന്റെ ആദ്യ മത്സരത്തിലും ദിനേശ് കാര്‍ത്തിക് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും ഫാബിദ് അഹമ്മദ് ഒരു വിക്കറ്റും നേടി. സന്ദീപ് വാര്യര്‍ക്ക് മാത്രമാണ് തമിഴ്നാട് ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ സാധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ ബൗളിംഗ് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകളി തടസ്സപ്പെടുത്തി മഴ, ന്യൂസിലാണ്ടിനു രണ്ട് വിക്കറ്റ് നഷ്ടം
Next articleആഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ നായകന്‍