വിലക്കുള്ള താരങ്ങള്‍ക്ക് തിരികെ വരുവാന്‍ അവസരമുണ്ടാകും: ഹതുരുരസിംഗ

അച്ചടക്ക നടപടിയുടെ ഭാഗമായി വിലക്ക് നേരിടുന്ന മൂന്ന് താരങ്ങള്‍ക്കും തിരിച്ചുവരവിനു അവസരമുണ്ടാകുമെന്ന് അറിയിച്ച് ഹതുരുസിംഗ. ശ്രീലങ്കന്‍ ബോര്‍ഡിന്റെ നടപടികള്‍ക്ക് ശേഷം ഇവര്‍ക്കും ടീമിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാനാകുമെന്നാണ് ശ്രീലങ്കന്‍ കോച്ച് അഭിപ്രായപ്പെട്ടത്. ലസിത് മലിംഗ്, ധനുഷ്ക ഗുണതില, ജെഫ്രേ വാന്‍ഡേര്‍സേ എന്നിവരാണ് വിലക്ക് നേരിടുന്ന ശ്രീലങ്കന്‍ മൂവര്‍ സംഘം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 48 ഏകദിന മത്സരങ്ങളില്‍ ശ്രീലങ്ക 30 മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. 2018 ഐപിഎലില്‍ മുംബൈയുടെ കോച്ചിംഗ് സ്റ്റാഫായി പോയ മലിംഗ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. താരത്തിനോട് ബോര്‍ഡ് ആവശ്യപ്പെട്ട ശേഷവും അത് അവഗണിച്ചതോടെ താരം ശ്രീലങ്കന്‍ ടീമില്‍ നിന്ന് പരിഗണിക്കപ്പെടാതാവുകയായിരുന്നു.

ജെഫ്രേ വാന്‍ഡേര്‍സേയ്ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെയിന്റ് ലൂസിയയില്‍ ഒരു രാത്രി മുഴുവന്‍ ടീം ഹോട്ടലില്‍ നിന്ന് കാണാതായതോടെ താരത്തിനെ നാട്ടിലേക്ക് അയയ്ക്കുകയും ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. ഗുണതില അച്ചടക്ക നടപടിയുടെ പേരില്‍ 6 മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്നു.

മൂവര്‍ക്കും ടീമിന്റെ പെരുമാറ്റ ചട്ടങ്ങളും സംസ്കാരവും ബാധകമാണെന്ന ബോധ്യമുണ്ടെങ്കില്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്നാണ് ഹതുരുരസിംഗ പ്രതികരിച്ചത്. ഇവരുടെ നടപടികള്‍ അവരെ മാത്രം ബാധിക്കുന്നതല്ല. ടീമിനെയും അവരുടെ കുടുംബത്തെയും ഇത് ബാധിക്കുന്നത്. ഇവരാരും കുറ്റം ചെയ്തിട്ടില്ല പക്ഷേ ടീം നിയമങ്ങള്‍ ലംഘിച്ചവരാണ് അതിനാല്‍ തന്നെ അവര്‍ക്ക് തിരികെ വരാനുള്ള അവസരമുണ്ടാകും.

പ്രാദേശിക ടി20 ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടും മലിംഗയെ ടീമിലേക്ക പരിഗണിച്ചതെയില്ലായിരുന്നു. ബോര്‍ഡിനു താരത്തിന്റെ ചെയ്തികളോട് അത്രകണ്ട് അമര്‍ഷമുണ്ടെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കുവാന്‍. എന്നാല്‍ മലിംഗ തങ്ങളുടെ പ്ലാനിലുള്ളതാണെന്നാണ് ഹതുരുസിംഗ പ്രതികരിച്ചത്. എന്നാല്‍ താരം സെലക്ടര്‍മാരുടെ ശ്രദ്ധയാണ് ആദ്യം പിടിച്ചു പറ്റേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial