വീണ്ടുമൊരു ഇംഗ്ലണ്ട്-ന്യൂസിലാണ്ട് സൂപ്പര്‍ ഓവര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ പോരാട്ടത്തിന് ശേഷം വീണ്ടും ടൈ ആയി ഇംഗ്ലണ്ട് ന്യസൂലിാണ്ട് പോരാട്ടം. ഇന്ന് നിര്‍ണ്ണായകമായ അഞ്ചാം ടി20 മത്സരം മഴ മൂലം 11 ഓവറാക്കി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ ജോണി ബൈര്‍സ്റ്റോയും സാം കറനും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ന്യൂസിലാണ്ട് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. അവസാന  ഓവറില്‍ വിജയത്തിനായി 16 റണ്‍സ് നേടേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ലക്ഷ്യം മൂന്ന് പന്തില്‍ 13 റണ്‍സായി മാറിയെങ്കിലും ക്രിസ് ജോര്‍ദ്ദാന്‍ ഒരു സിക്സും അവസാന പന്തില്‍ ബൗണ്ടറിയും നേടി മത്സരം ടൈ ആക്കുകയായിരുന്നു.

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മണ്‍റോയും നല്‍കിയ വെടിക്കെട്ട് തുടക്കം ന്യൂസിലാണ്ടിനെ വലിയ സ്കോറിനുള്ള അടിത്തറ നല്‍കുകയായിരുന്നു. 5.1 ഓവറില്‍ 83 റണ്‍സ് നേടിയ ഒന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ മാര്‍ട്ടിന്‍ ഗപ്ടിലാണ് ആദ്യം പുറത്തായത്. 20 പന്തില്‍ മൂന്ന് ബൗണ്ടറിയും 5 സിക്സും നേടിയ ഗപ്ടിലിന്റെ വിക്കറ്റ് ആദില്‍ റഷീദ് നേടുമ്പോള്‍ താരം തന്റെ അര്‍ദ്ധ ശതകം തികച്ചിരുന്നു.

21 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കോളിന്‍ മണ്‍റോയ്ക്കൊപ്പം 16 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ടിം സീഫെര്‍ട് കൂടി തിളങ്ങിയപ്പോള്‍ 11 ഓവറില്‍ നിന്ന് 146 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. മണ്‍റോ 4 സിക്സും സീഫെര്‍ട് 5 സിക്സുമാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പിഴച്ചുവെങ്കിലും ജോണി ബൈര്‍സ്റ്റോ-സാം കറന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 9/2 എന്ന നിലയിലക്ക് വീണ് ടീമിനെ ബൈര്‍സ്റ്റോ-മോര്‍ഗന്‍ കൂട്ടുകെട്ട് ഏതാനും പന്തുകളില്‍ 39 റണ്‍സിലേക്ക് എത്തിച്ചുവെങ്കിലും 7 പന്തില്‍ 17 റണ്‍സ് നേടിയ മോര്‍ഗനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് തന്റെ രണ്ടാം വിക്കറ്റ് നേടി. പിന്നീട് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ബൈര്‍സ്റ്റോ-സാം കറന്‍ കൂട്ടുകെട്ട് നേടിയത്.

4 ഓവറില്‍ 61 റണ്‍സ് നേടി സ്കോര്‍ നൂറിലേക്ക് എത്തിച്ച കൂട്ടുകെട്ടിനെ എന്നാല്‍ ജെയിംസ് നീഷം തകര്‍ത്തു. 18 പന്തില്‍ 5 സിക്സ് അടക്കം 47 റണ്‍സ് നേടിയ ബൈര്‍സ്റ്റോ പുറത്തായതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. തൊട്ടടുത്ത ഓവറില്‍ സാന്റനര്‍ 11 പന്തില്‍ 24 റണ്‍സ് നേടിയ സാം കറനെ പുറത്താക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

മത്സരം ന്യൂസിലാണ്ട് വിജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ക്രിസ് ജോര്‍ദ്ദാന്‍ ഇംഗ്ലണ്ടിന് ടൈ സമ്മാനിച്ചത്. അവസാന മൂന്ന് പന്തില്‍ 13 റണ്‍സ് നേടേണ്ടിയിരുന്ന ഇംഗ്ലണ്ടിന് വേണ്ടി സിക്സും ഡബിളും അവസാന പന്തില്‍ ബൗണ്ടറിയും അടക്കം 12 റണ്‍സ് നേടി സ്കോറുകള്‍ ഒപ്പമെത്തിക്കുകയായിരുന്നു ജോര്‍ദ്ദന്‍.

ന്യൂസിലാണ്ടിന് വേണ്ടി ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റനര്‍, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 3 പന്തില്‍ നിന്ന് 12 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്.