ഇംഗ്ലണ്ടിന് സൂപ്പര്‍ ഓവര്‍ ജയം സമ്മാനിച്ച് ക്രിസ് ജോര്‍ദ്ദന്‍, പരമ്പര സ്വന്തം

കൈവിട്ട മത്സരം ടൈ ആക്കിയ ക്രിസ് ജോര്‍ദ്ദാന്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് എന്ന ന്യൂസിലാണ്ടിന്റെ വിജയ ലക്ഷ്യം എറിഞ്ഞ് പ്രതിരോധിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പര 3-2 എന്ന നിലയില്‍ വിജയിച്ച് ഇംഗ്ലണ്ട്. ലോകകപ്പ് ഫൈനലിലേതിന് സമാനമായ നിലയില്‍ മത്സരം ടൈ ആവുകയും സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും ചെയ്തപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനെത്തിയ ഓയിന്‍ മോര്‍ഗന്‍-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടിം സൗത്തി എറിഞ്ഞ ഓവറില്‍ നിന്ന് 17 റണ്‍സാണ് നേടിയത്. ഓയിന്‍ മോര്‍ഗന്‍ രണ്ട് സിക്സ് ഉള്‍പ്പെടെയാണ് സൂപ്പര്‍ ഓവറില്‍ കസറിയത്. മത്സരത്തില്‍ അവസാന ഓവറില്‍ ഇംഗ്ലണ്ട് 16 റണ്‍സായിരുന്നു വിജയത്തിന് നേടേണ്ടിയിരുന്നതെങ്കില്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സായിരുന്നു ന്യൂസിലാണ്ടിന്റെ വിജയ ലക്ഷ്യം.

സൂപ്പര്‍ ഓവറില്‍ ന്യൂസിലാണ്ടിനായി ക്രീസിലെത്തിയ സീഫെര്‍ടിനും ഗപ്ടിലിനും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാനാകാതെ പോയതാണ് ടീമിന് വിനയായത്. കൃത്യതയോടെ പന്തെറിഞ്ഞ് ക്രിസ് ജോര്‍ദ്ദാന്‍ ഓവറില്‍ നിന്ന് വെറും 8 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

Previous articleവീണ്ടുമൊരു ഇംഗ്ലണ്ട്-ന്യൂസിലാണ്ട് സൂപ്പര്‍ ഓവര്‍
Next articleടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് നേടി ഷെഫാലി-സ്മൃതി മന്ഥാന സഖ്യം