ബംഗ്ലാദേശുമായി കരാര്‍ പുതുക്കി സുനില്‍ ജോഷി

2019 ലോകകപ്പ് വരെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി തുടരുവാന്‍ കരാര്‍ പുതുക്കി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. ജൂലൈ 2019ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സില്‍ നടക്കുന്ന ലോകകപ്പ് വരെ ബംഗ്ലാദേശ് ദേശീയ ടീമിനൊപ്പം തുടരുവാന്‍ സുനില്‍ ജോഷിയുണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. ഓഗസ്റ്റ് 2017 മുതലാണ് താരം ബംഗ്ലാദേശ് പരിശീലക സംഘത്തിലേക്ക് എത്തുന്നത്.

തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ജോഷി നന്ദി അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 1996 മുതല്‍ 2001 വരെ 69 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സുനില്‍ ജോഷി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് സ്പിന്‍ ബൗളിംഗ് വിഭാഗത്തില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുക എന്നതാണ് തന്റെ പുതിയ പദ്ധതിയെന്നാണ് സുനില്‍ ജോഷി അഭിപ്രായപ്പെട്ടത്.

തന്റെ ഈ പദ്ധതിയ്ക്ക് ബോര്‍ഡിന്റെ അംഗീകാരമുണ്ടെന്നും ജോഷി അറിയിച്ചു. വൈവിദ്ധ്യമേറിയ സ്പിന്‍ താരങ്ങളെ കണ്ടെത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോഷി കൂട്ടിചേര്‍ത്തു.