സ്ട്രോസ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങുന്നു

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുന്നതായി അറിയിച്ച് ആന്‍ഡ്രൂ സ്ട്രോസ്. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മുന്‍ ഇംഗ്ലണ്ട് താരം ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സ്ട്രോസ് വിട്ടു നിന്നിരുന്നു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണിനായിരുന്നു ഇനി കൂടുതല്‍ ചുമതല നല്‍കുന്നത്. ആ കാലയളവില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുക എന്ന ദൗത്യമാവും സ്ട്രോസിനു. ഒപ്പം പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും സ്ട്രോസ് സഹായം നല്‍കും.

ആന്‍ഡി ഫ്ലവറാണ് പകരം ഡയറക്ടര്‍ സ്ഥാനത്ത് ഇത്രയും കാലം താത്കാലിക ചുമതല വഹിച്ചിരുന്നത്. ഡിസംബര്‍ വരെ ഈ ചുമതല ഫ്ലവര്‍ തന്നെ വഹിക്കും. അതിനു ശേഷം ആന്‍ഡി ഫ്ലവര്‍ ഇംഗ്ലണ്ട് ലയണ്‍സിനൊപ്പം കോച്ചിംഗ് ദൗത്യവുമായി എത്തുമെന്ന് അറിയുന്നു.