ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.

23 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് 67 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ബൈര്‍സ്റ്റോ പിന്നീട് ജോസ് ബട്‍ലറുമായി(8) നാലാം വിക്കറ്റില്‍ 29 റണ്‍സ് കൂടി നേടി. മോര്‍ഗനെയും ബട്‍ലറെയും വീഴ്ത്തിയത് ആഡം സംപയായിരുന്നു.

96/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ പിന്നീട് പിടിച്ച് കയറ്റിയത് ജോണി ബൈര്‍സ്റ്റോ-സാം ബില്ലിംഗ്സ് കൂട്ടുകെട്ടായിരുന്നു. 114 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ സഖ്യം ഇംഗ്ലണ്ടിന്റെ സ്കോര്‍ 210 റണ്‍സിലേക്ക് എത്തിച്ചു. ആഡം സംപ 57 റണ്‍സ് നേടിയ സാം ബില്ലിംഗ്സിനെ പുറത്താക്കി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയും പുറത്തായി.

112 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ബൈര്‍സ്റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 40.1 ഓവറില്‍ 220/6 എന്ന നിലയിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ വാലറ്റവും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയപ്പോള്‍ ക്രിസ് വോക്സും ടോം കറനും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 46 റണ്‍സ് നേടി മുന്നോട്ട് പോകുന്നതിനിടെ ടോം കറനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ മൂന്നാം വിക്കറ്റ് നേടി.

19 റണ്‍സാണ് ടോം കറന്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് തന്റെ അര്‍ദ്ധ ശതകം ക്രിസ് വോക്സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 302/7 എന്ന സ്കോര്‍ നേടി. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദുമായി 36 റണ്‍സ് നേടിയ വോക്സ് 53 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റഷീദ് 11 റണ്‍സ് നേടി.

ഓസ്ട്രേലിയയ്ക്കായി സ്റ്റാര്‍ക്കും ആഡം സംപയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.