ഗോളിലെ തുടര്‍ച്ചയായി കൊളംബോയിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ച്ച

- Advertisement -

ഗോളില്‍ സംഭവിച്ചതിന്റെ തുടര്‍ച്ചയാണ് കൊളംബോയിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനു സംഭവിക്കുന്നത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 338 റണ്‍സിനു അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 19/3 എന്ന പരിതാപകരമായ സ്ഥിതിയിലാണ്. ശ്രീലങ്കയുടെ ഇന്നിംഗ്സിനു 319 റണ്‍സിനു പിന്നിലുള്ള ടീം ഈ മത്സരത്തില്‍ കരകയറുവാനുള്ള സാധ്യത മങ്ങിയെന്ന് വേണം ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് പ്രകടനം വെച്ച് വിലയിരുത്തുവാന്‍.

ശ്രീലങ്ക എറിഞ്ഞ 11 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞതെന്ന് സ്പിന്നിനു പിച്ചില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജ് 9 വിക്കറ്റുകളാണ് ആദ്യ ഇന്നിംഗ്സില്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയെക്കാള്‍ മികച്ച സ്പിന്നര്‍മാരുള്ള ശ്രീലങ്കയുടെ സ്പിന്‍ കുരുക്കിനെ എത്ര നേരം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ദൈര്‍ഘ്യം.

ലഞ്ചിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി 7 റണ്‍സ് നേടി ഹാഷിം അംലയും 1 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുമാണ് ക്രീസില്‍. ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനന്‍ജയ രണ്ടും രംഗന ഹെരാത്ത് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement