ശ്രീലങ്കന്‍ പരമ്പര കടുപ്പമേറിയതാവും – തമീം ഇക്ബാല്‍

- Advertisement -

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര കടുപ്പമേറിയതാകുമെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. സ്ഥിരം നായകന്‍ മഷ്റഫെ മൊര്‍തസ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പിന്മാറിയതോടെ തമീം ഇക്ബാലിനാണ് ടീമിനെ നയിക്കുവാനുള്ള ചുമതല വന്നെത്തിയിരിക്കുന്നത്. ഷാക്കിബ് അല്‍ ഹസന്‍ വിശ്രമം ചോദിച്ചതിനാലും ലിറ്റണ്‍ ദാസ് തന്റെ വിവാഹം പ്രമാണിച്ചും ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനിടയിലാണ് ‍മൊര്‍തസയുടെയും ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്റെയും പരിക്ക് ബംഗ്ലാദേശിന് വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.

ഇതുവരെ ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടുവാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. ആ സ്ഥിതിയില്‍ ഈ പരമ്പര ഏറെ നിര്‍ണ്ണായകമാണെന്നാണ് തമീം പറയുന്നത്. പല അനുഭവസമ്പത്തുള്ള താരങ്ങളുമില്ലാത്തതിനാല്‍ പകരം ടീമിലെത്തുന്ന താരങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമാണെന്ന് തമീം പറഞ്ഞു. നാട്ടില്‍ ശ്രീലങ്ക വളരെ കരുത്തരായ ടീമാണന്ന് തമീം പറഞ്ഞുവെങ്കിലും മുമ്പ് ഇതേ എതിരാളികള്‍ക്കെതിരെ ടീം മികവ് പുലര്‍ത്തിയിട്ടുള്ളതിനാല്‍ ഇത്തവണ പരമ്പര സ്വന്തമാക്കാതിരിക്കുവാന്‍ യാതൊരു കാരണവും പറയാനില്ലെന്നും തമീം പറഞ്ഞു.

ടീമില്‍ ഇടം ലഭിച്ചവര്‍ അവര്‍ക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മുതലാക്കിയാല്‍ അവര്‍ക്കും ടീമിനും അത് ഒരു പോലെ ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശിന്റെ പുതിയ നായകന്‍ വ്യക്തമാക്കി. ലോകകപ്പിലെ മോശം ഫോമിന് ശേഷം തന്റെ വ്യക്തിഗത ഫോം ഉയര്‍ത്തുവാനുള്ള അവസരം കൂടിയാണ് ലങ്കന്‍ പരമ്പരയെന്ന് തമീം ഇക്ബാല്‍ പറഞ്ഞു. ക്യാപ്റ്റന്‍സി തന്റെ ഫോമിനെ ബാധിക്കുവാനായി അധിക സമ്മര്‍ദ്ദമൊന്നും സൃഷ്ടിക്കില്ലെന്നും തമീം പറഞ്ഞു.

Advertisement