ബാറ്റ്സ്മാന്മാര്‍ കൈവിട്ടത് വന്‍ തോല്‍വിയ്ക്ക് കാരണമായി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാറ്റ്സ്മാന്മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് സാധ്യതയുള്ളുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഒരിന്നിംഗ്സിന്റെയും 65 റണ്‍സിന്റെയും തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മഴ പലപ്പോളായി കളിതടസ്സപ്പെടുത്തിയെങ്കിലും വലിയ മാര്‍ജിനിലുള്ള തോല്‍വിയാണ് ലങ്കയേറ്റു വാങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ 244 റണ്‍സിന് പുറത്തായ ടീം രണ്ടാം ഇന്നിംഗ്സില്‍ 122 റണ്‍സ് മാത്രമാണ് നേടിയത്. ബാറ്റ്സ്മാന്മാര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും താന്‍ നല്‍കുന്നുണ്ടെങ്കിലും അതിനര്‍ത്ഥം ഏത് പന്തും അടിയ്ക്കുവാന്‍ ശ്രമിക്കണമെന്നല്ലെന്ന് കരുണാരത്നേ പറഞ്ഞു. സ്വാതന്ത്ര്യം എന്നാല്‍ ഏത് ബോളും അടിയ്ക്കുക എന്നതല്ല, അത് ഏത് ഷോട്ട് എപ്പോള്‍ കളിക്കുവാന്‍ സുരക്ഷിതമായ ഷോട്ടാണെന്ന് മനസ്സിലാക്കുക കൂടിയാണെന്ന് കരുണാരത്നേ പറഞ്ഞു.

ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പലപ്പോഴും ക്ഷമയില്ലായിരുന്നുവെന്ന് തനിക്ക് തോന്നിയെന്നും ലങ്കന്‍ നായകന്‍ പറഞ്ഞു. അവസാന ദിവസത്തിലേക്ക് കളിയെത്തിയപ്പോളും ടീമിലെ പല താരങ്ങളുടെയും ഷോട്ട് സെലക്ഷനും ശരിയായിരുന്നില്ലെന്ന് ലങ്കയുടെ ഓപ്പണിംഗ് താരം പറഞ്ഞു. അവസാന ദിവസം ബാറ്റിംഗ് അനായാസമാവുമെന്ന കരുതിയാണ് പലരും ക്രീസിലെത്തിയതെന്നും കരുണാരത്നേ പറഞ്ഞു.

32/5 എന്ന നിലയിലേക്ക് വീണപ്പോള്‍ താനുള്‍പ്പെടെ പല താരങ്ങളും മോശം ഷോട്ടുകളാണ് കളിച്ചതെന്നും താരം പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയ ശേഷം താന്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്നും കരുണാരത്നേ വ്യക്തമാക്കി.