കറാച്ചിയില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ശ്രീലങ്ക

കറാച്ചിയില്‍ ഇന്നാരംഭിച്ച പാക്കിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ തകര്‍ന്ന് വീണ് ആതിഥേയര്‍. ശ്രീലങ്കയുടെ ലഹിരു കുമരയും ലസിത് എംബുല്‍ദേനിയയും പാക് ബാറ്റ്സ്മാന്മാരെ വെട്ടം കറക്കിയപ്പോള്‍ 59.3 ഓവറില്‍ പാക്കിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഈ രണ്ട് ശ്രീലങ്കന്‍ ബൗളര്‍മാര്‍ 4 വീതം വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.

60 റണ്‍സ് നേടിയ ബാബര്‍ അസവും 63 റണ്‍സ് നേടി ആസാദ് ഷഫീക്കും ക്രീസിലുണ്ടായിരുന്ന സമയത്ത് മാത്രമാണ് മത്സരത്തില്‍ പാക്കിസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 102 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളാരും ഇവരെ പിന്തുണച്ചില്ല. ഓപ്പണര്‍ ആബിദ് അലി 38 റണ്‍സ് നേടി. വിശ്വ ഫെര്‍ണാണ്ടോയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.