18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും എട്ടാം വിക്കറ്റില്‍ സുരംഗ ലക്മല്‍-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയ 81 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സ്കോര്‍ 242 റണ്‍സ് വരെ എത്തിക്കുവാന്‍ സഹായിച്ചു. ട്രെന്റ് ബോള്‍ട്ടാണ് 40 റണ്‍സ് നേടിയ ലക്മലിനെ പുറത്താക്കിയത്.

പിന്നീട് ഡിക്ക്വെല്ലയെയും(61) ലസിത് എംബുല്‍ദേനിയയെയും പുറത്താക്കി വില്യം സോമര്‍വില്ലേ ലങ്കയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 61 റണ്‍സാണ് നിരോഷന്‍ ഡിക്ക്വെല്ലയുടെ സംഭാവന. ന്യൂസിലാണ്ടിനായി അജാസ് പട്ടേല്‍ അഞ്ചും വില്യം സോമര്‍വില്ലേ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് നേടി.