ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടി20 മത്സരത്തിൽ പാകിസ്ഥാനെ 35 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഏവരെയും ഞെട്ടിച്ച്കൊണ്ട് പരമ്പര സ്വന്തമാക്കിയത്. തീവ്രവാദി ആക്രമണ ഭീഷണിയെ തുടർന്ന് പത്തോളം പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ശ്രീലങ്ക പാകിസ്ഥാനിൽ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ലാഹോറിൽ നടന്ന ആദ്യ ടി20 64 റൺസിന് ശ്രീലങ്ക ജയിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്. 48 പന്തിൽ 77 റൺസ് എടുത്ത രാജപക്ഷയും 28 പന്തിൽ 34 റൺസ് എടുത്ത ജയസൂര്യയും 15 പന്തിൽ പുറത്താവാതെ 27 റൺസ് എടുത്ത ശനകയുമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.
തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ ഹസരംഗയുടെ സ്പിൻ ബൗളിങ്ങിന് മുൻപിൽ തകരുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ 29 പന്തിൽ 47 റൺസ് എടുത്ത ഇമാദ് വസിം മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്. ഒരു ഓവറിൽ ഹസരംഗ വീഴ്ത്തിയ മൂന്ന് വിക്കറ്റുകൾ പാകിസ്താന്റെ നടുവൊടിക്കുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി നുവാൻ പ്രദീപ് നാല് വിക്കറ്റും ഉദാന രണ്ട് വിക്കറ്റും വീഴ്ത്തി.