ദക്ഷിണാഫ്രിക്ക 298 ഓള്‍ഔട്ട്, പാതി റൺസിന് ഓള്‍ഔട്ടായി വിന്‍ഡീസും

Southafrica

വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 149 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 298 റൺസ് നേടിയപ്പോള്‍ 149 റൺസിന് വിന്‍ഡീസ് ഓള്‍ഔട്ട് ആകുകയായിരുന്നു. വിയാന്‍ മുള്‍ഡര്‍ മൂന്നും കാഗിസോ റബാഡ, ലുംഗിസാനി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ 2 വീതം വിക്കറ്റും നേടിയാണ് ആതിഥേയരെ തകര്‍ത്തെറിഞ്ഞത്. 43 റൺസ് നേടിയ ഷായി ഹോപും 49 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡും മാത്രമാണ് വിന്‍ഡീസ് നിരയിൽ പൊരുതി നോക്കിയത്.

നേരത്തെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് 218/5 എന്ന നിലയിൽ പുനരാരംഭിച്ച ശേഷം 80 റൺസ് കൂടി നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയി. ഡി കോക്കിന് 96 റൺസിൽ വിക്കറ്റ് നഷ്ടമായപ്പോള്‍ തുടര്‍ച്ചയായ രണ്ടാ മത്സരത്തിലും ശതകം നേടുവാനുള്ള അവസരം താരത്തിന് നഷ്ടമായി. കാഗിസോ റബാഡ 21 റൺസുമായി പുറത്താകാതെ നിന്നു.

മൂന്ന് വീതം വിക്കറ്റ് നേടിയ കെമര്‍ റോച്ച്, കൈല്‍ മയേഴ്സ് എന്നിവരാണ് വിന്‍ഡീസ് ബൗളര്‍മാരിൽ തിളങ്ങിയത്. ഷാനൺ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.