ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക, ലീഡും സ്വന്തം

ഓവൽ ടെസ്റ്റിന്റെ നാലാം ദിവസം ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവ്. 154/7 എന്ന നിലയിൽ നിന്ന് വെറും നാല് റൺസ് മാത്രം വിട്ട് നൽകി ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും ദക്ഷിണാഫ്രിക്ക എറിഞ്ഞിടുകയായിരുന്നു. മാര്‍ക്കോ ജാന്‍സന്‍ അഞ്ചും കാഗിസോ റബാഡ നാലും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 118 റൺസിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ആതിഥേയരെ 158 റൺസിന് എറിഞ്ഞിട്ട് അവരുടെ ലീഡ് 40 റൺസില്‍ ചുരുക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.

നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 70/1 എന്ന നിലയിലാണ്. സാരെൽ ഇര്‍വിയുടെ(26) വിക്കറ്റ് നഷ്ടമായപ്പോള്‍ ഡീന്‍ എൽഗാറും(35*) കീഗന്‍ പീറ്റേഴ്സണും(7*) ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്. 30 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്.