രണ്ടാം ടി20യില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം

ലാഹോറില്‍ നടന്ന ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇന്ന് പാക്കിസ്ഥാനെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കാനായി.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ 18 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന ഫഹീം അഷ്റഫ് മികവ് പുലര്‍ത്തി. ഇഫ്തിക്കര്‍ അഹമ്മദ്(20) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസ് 5 വിക്കറ്റ് നേടി.

റീസ ഹെന്‍ഡ്രിക്സ്(42), പീറ്റ് വാന്‍ ബില്‍ജോയന്‍(42), ഡേവിഡ് മില്ലര്‍(25*), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(17*) എന്നിവരുട ബാറ്റിംഗ് പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 16.2 ഓവറില്‍ 6 വിക്കറ്റ് വിജയം നേടിക്കൊടുത്തു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.