ആദ്യ ടെസ്റ്റിൽ ശുഭ്മന്‍ ഗിൽ കളിച്ചേക്കില്ലെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലിന്റെ സേവനം ലഭിയ്ക്കില്ലെന്ന് സൂചന. താരത്തിന് ഇന്റേണൽ ഇഞ്ച്വറിയുണ്ടെന്നും അത് അത്യാവശ്യം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഓഗസ്റ്റ് 4ന് നോട്ടിംഗാമിലാണ് ആദ്യ ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ താരം കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. താരം ടൂറിംഗ് സംഘത്തോടൊപ്പം തുടരുമെന്നും അറിയുന്നു. അതിനര്‍ത്ഥം പരമ്പരയിൽ ഏതെങ്കിലും ടെസ്റ്റിൽ ഗില്ലിനെ കളിപ്പിക്കാനാകുമെന്ന് മാനേജ്മെന്റ് കരുതുന്നുണ്ടെന്നാണ്.

മയാംഗ് അഗര്‍വാൽ, കെഎൽ രാഹുല്‍ എന്നിവരുടെ സേവനം ടീമിന് ഉറപ്പിക്കാനാകും എന്നതിനാൽ തന്നെ ഗില്ലിന്റെ അഭാവം ടീമിന് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.