ശ്രേയസ്സ് അയ്യര്‍ പ്രതിഭാധനന്‍, പക്ഷേ ഷോര്‍ട്ട് ബോളിന് മുന്നിൽ താരം ചൂളുന്നു – സ്കോട്ട് സ്റ്റൈറിസ്

വളരെ ഏറെ പ്രതിഭയുള്ള താരമാണ് ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ്സ് അയ്യര്‍ എന്ന് പറഞ്ഞ് സ്കോട്ട് സ്റ്റൈറിസ്. എന്നാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രഭാവം ഉണ്ടാകണമെങ്കിൽ ഷോര്‍ട്ട് ബോളിന് മുന്നിൽ പതറുന്ന സാഹചര്യം മാറ്റി എടുക്കേണ്ടതുണ്ടെന്നും സ്റ്റൈറിസ് വ്യക്തമാക്കി.

ഇക്കാര്യത്തെ മറികടക്കുവാനായാൽ ഇന്ത്യന്‍ ടീമിൽ ആദ്യം എഴുതപ്പെടുന്ന പേരുകളിൽ ഒന്ന് ശ്രേയസ്സ് അയ്യരുടേതാകുമെന്ന് തനിക്ക് ഉറപ്പാണെന്നും മുന്‍ ന്യൂസിലാണ്ട് താരം വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റനായി മാറിയേക്കാവുന്ന ഒരാള്‍ കൂടിയാണ് ശ്രേയസ്സ് അയ്യരെന്നും എന്നാൽ താരം ഷോര്‍ട്ട് ബോളിനെ സധൈര്യം നേരിടേണ്ടതുണ്ടെന്നും സ്റ്റൈറിസ് അഭിപ്രായപ്പെട്ടു.

പേസര്‍മാര്‍ ശ്രേയസ്സ് അയ്യരെ ഷോര്‍ട്ട് ബോള്‍ എറി‍ഞ്ഞ് പ്രതിരോധത്തിലാക്കുകയും പുറത്താക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണെന്നും സ്പിന്നര്‍മാരെ താരം അനായാസം അതിര്‍ത്തി കടത്തുന്നുണ്ടെന്നും സ്റ്റൈറിസ് കൂട്ടിചേര്‍ത്തു.