വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എന്നാല്‍ 35.5 ഓവറില്‍ 125 റണ്‍സിന് എതിരാളികളെ ഓള്‍ഔട്ട് ആക്കി ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുയായിരുന്നു. 65 റണ്‍സിന്റെ മികവാര്‍ന്ന വിജയത്തില്‍ ബൗളിംഗില്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

34 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. വിന്‍ഡീസിന് വേണ്ടി റോഷ്ടണ്‍ ചേസ് നാലും അകീം ജോര്‍ദ്ദാന്‍ 3 വിക്കറ്റും നേടി. വിന്‍ഡീസ് നിരയില്‍ ജോനാഥന്‍ കാര്‍ട്ടര്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോവ്മന്‍ പവല്‍ 41 റണ്‍സ് നേടി അതിവേഗ സ്കോറിംഗ് നടത്തിയ ശേഷം പുറത്താകുകയാിയരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ രണ്ട് വീതം വിക്കറ്റുമായി രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും തിളങ്ങി. ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.