കിറ്റുകള്‍ കത്തിച്ച്, മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കണോ ഞങ്ങള്‍?

- Advertisement -

സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണം ഐസിസി സിംബാബ്‍വേയെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയ തീരുമാനത്തിന് തൊട്ടു പിന്നാലെ സിംബാബ്‍വേ താരങ്ങള്‍ തങ്ങളുടെ സങ്കടം ട്വിറ്ററിലൂടെയും മറ്റും പങ്കുവയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ അതില്‍ പ്രമുഖന്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയായിരുന്നു. ലോകകപ്പ് ക്വാളിഫയറില്‍ യുഎഇയോട് തോറ്റ് ടീം പുറത്തായതിന് സമാനമായ മനോനിലയിലാണ് തന്റെ ടീമംഗങ്ങളെല്ലാമെന്നാണ് സിക്കന്ദര്‍ റാസ പറഞ്ഞത്.

താന്‍ ഇത്തരത്തില്‍ ഒരു യാത്രയയപ്പല്ല ക്രിക്കറ്റില്‍ നിന്ന് ഉദ്ദേശിച്ചതെന്ന് പറഞ്ഞ താരം ഈ ഒരു തീരുമാനം എത്ര കരിയറുകളെയും എത്ര കുടുംബങ്ങളെയും വഴിയാധാരമാക്കുന്നുവെന്നാണ് താരം തന്റെ ട്വീറ്റിലൂടെ പരമാര്‍ശിച്ചത്. ഐസിസിയുടെ ഈ തീരുമാനത്തിന്റെ ഞെട്ടലില്‍ നിന്ന് ആരും മോചിതരായിട്ടില്ലെന്നും തനിക്ക് സാധാരണ ഗതിയിലേക്ക് തിരികെ എത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സിംബാബ്‍വേ ഓള്‍റഔണ്ടര്‍ പറഞ്ഞു. താന്‍ മാത്രമല്ല തന്റെ ടീമംഗങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് റാസ പറഞ്ഞു.

ഐസിസിയുടെ അടുത്ത മീറ്റിംഗ് ഒക്ടോബറിലാണ് നടക്കുന്നത്. അതിന് മുമ്പ് കാര്യങ്ങള്‍ ശരിയാവുകയാണെങ്കില്‍ വിലക്ക് മാറ്റുവാന്‍ ഐസിസി മുതിര്‍ന്നേക്കും എന്നാല്‍ വിലക്ക് നീളുകയാണെങ്കില്‍ തങ്ങള്‍ തങ്ങളുടെ കിറ്റ് കത്തിച്ച് വേറെ ജോലി തേടുകയാണോ ചെയ്യേണ്ടതെന്നും റാസ ചോദിച്ചു. ഇപ്പോളെന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് ഒരു പിടിയുമില്ലെന്ന് റാസ പറഞ്ഞു.

Advertisement