ഷൊഹൈബ് മാലിക്ക് പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ ആവണമെന്ന് അഫ്രീദി

പാകിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി വെറ്ററൻ താരം ഷൊഹൈബ് മാലിക്കായിരുന്നു കുറച്ചുകൂടെ യോജിക്കുകയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റിയത്. ബാബർ അസമിനെ ടി20 ക്യാപ്റ്റനായും അസ്ഹർ അലിയെ ടെസ്റ്റ് ടീം ക്യാപ്റ്റനായും നിയമിച്ചിരുന്നു.

തുടർന്നാണ് വെറ്ററൻ താരം ഷൊഹൈബ് മാലിക്കിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ബാബർ അസമിന്റെ സ്ഥിരതയെ പുകഴ്ത്തിയ അഫ്രീദി ടി20 ലോകകപ്പ് മുൻപിൽകണ്ടുകൊണ്ട് ഷൊഹൈബ് മാലിക്കിന് അവസരം നൽകണമായിരുന്നെന്നും അത് മികച്ച തീരുമാനം ആവുമായിരുന്നെന്നും അഫ്രീദി പറഞ്ഞു.

പാകിസ്ഥാനെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച സർഫറാസിന്റെ പ്രകടനത്തെയും അഫ്രീദി അഭിനന്ദിച്ചു. സർഫറാസിന് കീഴിലാണ് പാകിസ്ഥാൻ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതും 2017ൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും.