അഭ്യൂഹങ്ങള്‍ക്ക് വിട, ധോണി അമ്പയര്‍മാരോട് പന്ത് ചോദിച്ചതിനു കാരണം ഇത്

- Advertisement -

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയെ കുഴക്കിയ ചോദ്യമാണ് – എംഎസ് ധോണി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണോ എന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റ തോല്‍വിയ്ക്ക് ശേഷം മോശം ബാറ്റിംഗ് ഫോമില്‍ തുടരുന്ന ധോണി അമ്പയര്‍മാരുടെ കൈയ്യില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബൗളിംഗ് കോച്ച് ഭരത് അരുണിനെ പന്തിന്റെ അവസ്ഥ കാണിക്കുന്നതിനു വേണ്ടിയാണ് പന്ത് ധോണി ആവശ്യപ്പെട്ടതെന്നാണ് രവി ശാസ്ത്രി പറയുന്നത്. പന്തിന്റെ സാഹചര്യം വിലയിരുത്തി മത്സരത്തിലെ പിച്ചിനെക്കുറിച്ച് കൂടുതല്‍ അവലോകനം ചെയ്യുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ നീക്കം.

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി, ധോണി എവിടെയും പോകുന്നില്ലെന്നും റിട്ടയര്‍മെന്റ് എന്നത് അടുത്തൊന്നും ആലോചിക്കുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement