പരിക്ക്, ഓസ്ട്രേലിയ ടി20-ടെസ്റ്റ് പരമ്പരകളില്‍ താക്കൂര്‍ കളിക്കുക സംശയത്തില്‍

- Advertisement -

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂര്‍ ഓസ്ട്രേലിയയിലെ ടി20 ടെസ്റ്റ് പരമ്പരകളില്‍ കളിക്കുന്നത് സംശയത്തിലെന്ന് സൂചന. താരത്തിന്റെ റീഹാബ് പ്രക്രിയ ഏഴ് ആഴ്ചയോളം നീണ്ട് നില്‍ക്കുമെന്ന തരത്തിലുള്ള സൂചനയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. നവംബര്‍ 21നാണ് ഇന്ത്യ ഓസ്ട്രേലിയ ടീമുകളുടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അരങ്ങേറുക. ഡിസംബര്‍ ആറിനു ടെസ്റ്റ് പരമ്പരയും ആരംഭിക്കും. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജനുവരി 12നു ആരംഭിക്കുന്ന് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ സമയത്തേക്ക് താക്കൂര്‍ ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.

താന്‍ എത്ര കഠിനമായി ശ്രമിച്ചാലും രണ്ടാം ടെസ്റ്റിനു മുമ്പ് തനിക്ക് പൂര്‍ണ്ണ ആരോഗ്യവാനാകുവാന്‍ കഴിയില്ലെന്നാണ് താക്കൂര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ തന്നെ ടി20-ടെസ്റ്റ് പരമ്പരകളെക്കാള്‍ താന്‍ സാധ്യത നല്‍കുന്നത് ഏകദിന പരമ്പരയ്ക്കാണെന്നാണ് താരം വ്യക്തമാക്കിയത്.

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും വെറും 10 പന്തുകള്‍ മാത്രമാണ് താരത്തിനു എറിയുവാന്‍ സാധിച്ചത്. വിന്‍ഡീസ് ഏകദിന ടീമില്‍ ശര്‍ദ്ധുല്‍ താക്കൂറിനു പകരം ഉമേഷ് യാദവ് സ്ഥാനം പിടിച്ചു.

Advertisement