ലോക്ക്ഡൗണില്‍ താനുമായി ഏറ്റവും അധികം സമ്പര്‍ക്കം പുലര്‍ത്തുന്നത് മുഹമ്മദ് ഷമിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ബൗളിംഗ് കോച്ച്

കൊറോണ മൂലം ലോക്ക്ഡൗണിലാണെങ്കിലും കായിക താരങ്ങള്‍ക്കെല്ലാം അവരുടെ ഫിറ്റ്നെസ്സ് റുട്ടീനുകള്‍ പരിശീലകര്‍ നല്‍കിയിട്ടുണ്ട്. ഓരോ താരങ്ങളും ഏര്‍പ്പെടേണ്ട പരിശീലന മുറകള്‍ കൃത്യമായി അതാത് രാജ്യങ്ങളിലെ കായിക സംഘടനകള്‍ അവരുടെ താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും സമാനമായ പരിശീലന പരിപാടി അവരുടെ പരിശീലകര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഈ ലോക്ക്ഡൗണ്‍ കാലത്ത് താനുമായി ഏറ്റവും അധികം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണെന്ന് പേസ് ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി. താരം തനിക്ക് എന്നും പരിശീലനത്തിന്റെ വീഡിയോകള്‍ അയയ്ക്കാറുണ്ടെന്നും താന്‍ ഷമിയുമായി നിരന്തരം സംസാരിക്കുകയും താരത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കാറുമുണ്ടെന്ന് ഭരത് അരുണ്‍ വിശദീകരിച്ചു.

ഇത് പോലെ പരിശീലനത്തില്‍ ഏര്‍പ്പെട്ടാല്‍ ഷമിയുടെ കരിയര്‍ രണ്ട് വര്‍ഷം കൂടുതല്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന് താന്‍ ഇന്ത്യന്‍ പേസറോട് പറഞ്ഞിട്ടുണ്ടെന്നും ഭരത് വ്യക്തമാക്കി. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഷമി.

Comments are closed.