ഷാക്കിബ് മൂന്ന് മാസത്തേക്ക് ക്രിക്കറ്റിനു പുറത്ത്

ഏഷ്യ കപ്പിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് അല്‍ ഹസനു അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരികയായാിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവര പ്രകാരം താരത്തിനു കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിശ്രമം വേണമെന്നാണ് അറിയുന്നത്. ശസ്ത്രക്രിയ വൈകിയതാണ് നീണ്ട കാലയളവ് വിശ്രമത്തിനായി ആവശ്യമായി വരുന്ന സാഹചര്യം ഷാക്കിബിന്റെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ അറിയുന്നത് താരത്തിന്റെ കൈയ്യിലെ പഴുപ്പ് നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടന്നതെന്നും അണുബാധ മാറിയ ശേഷം മാത്രമേ പരിക്കേറ്റ വിരലിന്മേലുള്ള ശസ്ത്രക്രിയ നടത്തുകയുള്ളുവെന്നും ഷാക്കിബ് പറഞ്ഞു.

പരിക്ക് വഷളായി അണുബാധയുണ്ടായതും കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് താരത്തിന്റെ സ്ഥാനം ഇന്ന് പുറത്തിറങ്ങിയ ഏകദിന റാങ്കിംഗില്‍ നഷ്ടമായിരുന്നു. ശസ്ത്രക്രിയ കൂടുതല്‍ വൈകിയിരുന്നേല്‍ ഈ അണുബാധ കൈക്കുഴയയിലേക്കും ബാധിച്ചേനെയെന്നാണ് ഷാക്കിബ് വ്യക്തമാക്കിയത്. കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പ്രധാന ശസ്ത്രക്രിയയ്ക്ക് താരത്തിനു തയ്യാറാകാനാകൂ എന്നാണ് അറിയുന്നത്.

ഏറെ നാളായ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ഷാക്കിബിന്റെ ആവശ്യം ബോര്‍ഡാണ് വൈകിപ്പിച്ചത്. ഏഷ്യ കപ്പ് കൂടി കളിച്ച ശേഷം താരത്തിനോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ബോര്‍ഡിന്റെ പിടിവാശി താരത്തിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്.