ഫോട്ടോഷൂട്ടിനെത്തിയില്ല, ഷാക്കിബിനോടുള്ള അതൃപ്തി രേഖപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്

ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്ക്വാഡിന്റെ ചിത്രം എടുക്കുന്നതിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ ഷാക്കിബ് അല്‍ ഹസന്റെ ചെയ്തില്‍ അതൃപ്തി മറച്ച് വയ്ക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഷാക്കിബിന്റെ അഭാവത്തെക്കുറിച്ച് പത്രലേഖകര്‍ ആരാഞ്ഞപ്പോളാണ് ഞാനെന്ത് പറയാനാണ്, തീര്‍ത്തും നിരാശജനകമെന്നാണ് നസ്മുള്‍ പ്രതികരിച്ചത്.

ഇതൊരു ടീം ഫോട്ടോഗ്രാഫാണ്, ടീമംഗങ്ങളെല്ലാം ഉണ്ടാകേണ്ട ചിത്രം ആയിരുന്നു, പരിശീലനത്തിനെത്തിയിരുന്നില്ലെങ്കിലും താരം ഗ്രൗണ്ടിലെത്തിയിരുന്നു. താരത്തെ നേരത്തെ തന്നെ ഫോട്ടോഷൂട്ടിന്റെ കാര്യം അറിയിച്ചിരുന്നതാണെങ്കിലും അതിനു കാത്ത് നില്‍ക്കാതെ താരം മടങ്ങുകയായിരുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ധാക്ക സ്റ്റേഡിയത്തില്‍ ടീം മാനേജ്മെന്റിനോട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ താരം എത്തിയിരുന്നുവെങ്കിലും ഫോട്ടോഷൂട്ടിനു നില്‍കാതെ താരം മടങ്ങിയത് ബോര്‍ഡ് പ്രസിഡന്റിനു അത്ര ദഹിച്ചിട്ടില്ല. ടീം അയര്‍ലണ്ട് പരമ്പരയ്ക്ക് യാത്രയാകുന്നതിനു ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ താന്‍ അധികം പ്രതികരിക്കാനില്ലെന്നാണ് നസ്മുള്‍ ഹസന്‍ പ്രതികരിച്ചത്.